പരിസര ബോധം നഷ്ടപ്പെട്ടു നടന്നിരുന്ന ഞാൻ പതിയെ അച്ഛന്റെ നെഞ്ചിലേക്കു ചാഞ്ഞു…. ഞാൻ അച്ഛനെ വട്ടം കെട്ടിപ്പിടിച്ചു… അച്ഛനും കാര്യം മനസ്സിലാവാതെ ഇടംകൈ കൊണ്ട് എന്നെ ചേർത്തു പിടിച്ചു….
“ഹൈ…. ഇതെന്തു കൂത്ത്?…” അച്ഛൻ ആരോടെന്നില്ലാതെ ചോദിച്ചു….
“അച്ഛനും മകളുമായാൽ അഭിയേയും അങ്കിളിനേയും പോലെ വേണം…. എന്താ സ്നേഹം?…. ഒരാൾ മറ്റേയാൾക്കു വേണ്ടി വേണേൽ ചാവും….” ഞാൻ അച്ഛന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു പിറുപിറുത്തു….
“അതിന് കാരണവൻമാരു മാത്രം വിചാരിച്ചാൽ പോര…. മക്കളും അതേപോലെ ആവണം….. നീ അഭ്യാസം കാണിക്കാതെ പോയേ പെണ്ണേ…. എനിക്ക് വേറെ പണിയുണ്ട്…..” അച്ഛൻ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് പുറത്തേക്കു പോയി…..
അതു കേട്ടപ്പോഴാണ് എനിക്ക് ശരിക്കും പരിസര ബോധം വന്നത്… ഞാൻ നാണിച്ചു മുഖം താഴ്ത്തി അകത്തേക്കു പോയി….
ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ പുറത്തു നിന്നും “വിദ്യേ…” എന്നൊരു വിളി കേട്ടു… അത് അഭിയുടെ ശബ്ദമായിരുന്നു…. ഞാൻ ഓടിയിറങ്ങി ചെന്നു….
ഞാൻ നോക്കുമ്പോൾ അഭി ഒരു കള്ളച്ചിരിയോടെ മുറ്റത്തു നിൽക്കുന്നു…. ഞാൻ അവളേയും കൂട്ടി നേരെ പോയി…. കുളക്കടവിലേക്ക്…
കുളക്കടവിലെത്തി… ഞങ്ങൾ ആ കൽപ്പടവിൽ ഇരുന്നു….
“എന്തായി ഞാൻ ചോദിച്ച കാര്യം?….” ഞാൻ ചോദിച്ചു….
“ഞാൻ അപ്പോഴേ പറഞ്ഞില്ലേ?…. ബാക്കിയെല്ലാം നിന്റെ മിടുക്കു പോലെ….” അവൾ പറഞ്ഞു…..
“എന്നാൽ നാളെ ഞാൻ നിന്നെ അന്വേഷിച്ചു നിന്റെ വീട്ടിൽ വരുമ്പോൾ നീ അവിടെ ഉണ്ടാവാൻ പാടില്ല….” ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…
“ഓഹോ…. അപ്പോ നീ എന്തോ തീരുമാനിച്ചാണല്ലോ?…” അവൾ എന്നെ കളിയാക്കി….
“നീ ഒരുപാട് കാര്യമൊന്നും അന്വേഷിക്കണ്ട…. ഞാൻ പറയുന്നതങ്ങ് കേട്ടോണ്ടാ മതി…” ഞാൻ അവളോട് പറഞ്ഞു….
“അതു ശരി…. പെണ്ണ് ആളു കൊള്ളാമല്ലോ?…..” അഭി എന്റെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു….
അങ്ങനെ ഒരുപാട് നേരം ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു…. വയറു വിശന്നു തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി….
“അപ്പോൾ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ?…. അപ്പോ നാളെ…. ഞാൻ…. വരുമ്പോൾ….” ഞങ്ങൾ പിരിയാൻ നേരം ഞാൻ ഒരിക്കൽ കൂടി അഭിയെ ഓർമ്മിപ്പിച്ചു….
പിറ്റേന്ന് ഞാൻ പതിവു പോലെ കുളിച്ചൊരുങ്ങി അഭിയുടെ വീട്ടിലേക്കു വിട്ടു….
“ങ്ഹാ…. നേരം വെളുക്കും മുന്നേ ഇറങ്ങിയല്ലോ പെണ്ണ് തെണ്ടാൻ…” പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടു…