ആദിത്യ അവിടെത്തന്നെ നിന്ന് അവളുടെ പോക്ക് നോക്കി ചിരിച്ചു.
ആദിത്യ: “ഹേയ്… ഒന്ന് നിൽക്ക്! ടാക്സി വിളിക്കാൻ അറിയാമോ? അതോ അവിടെയും ആരെങ്കിലും സഹായിക്കാൻ വരുമെന്ന് കരുതി നിൽക്കുകയാണോ?”
ശിവാനി തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി.
ശിവാനി ടാക്സി സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആദിത്യ തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിലേക്ക് കയറി.
മുംബൈയിലെ ട്രാഫിക്കിലൂടെയും പുതിയ നഗരത്തിന്റെ തിരക്കുകളിലൂടെയും കടന്ന് ശിവാനി MITബോംബെയിലെ ‘ഹോസ്റ്റൽ 15’-ൽ എത്തി. റൂമിൽ സാധനങ്ങളെല്ലാം വെച്ച് ഒന്ന് ഫ്രഷായപ്പോഴാണ് അവൾക്ക് സമാധാനമായത്. ആ ട്രെയിൻ യാത്രയും അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട ആ നിമിഷവും ഒരു പേടിസ്വപ്നം പോലെ അവളുടെ ഉള്ളിലുണ്ട്.
എല്ലാം ഒന്ന് ശാന്തമായപ്പോൾ അവൾ നീരജിനെ വിളിച്ചു.
നീരജ്: “ഹലോ, എത്തിയോ? ഞാൻ എത്ര നേരം കൊണ്ട് വെയിറ്റ് ചെയ്യുവാ. അവിടെ എത്തിയപ്പോൾ എന്നെ വിളിക്കാൻ പോലും സമയം കിട്ടിയില്ലേ?”
നീരജിന്റെ സ്വരത്തിൽ പതിവുപോലെയുള്ള പരാതിയും അധികാരവുമുണ്ടായിരുന്നു.
ശിവാനി: (ക്ഷീണത്തോടെ) “ഇപ്പോഴാടാ ഒന്ന് റൂമിൽ എത്തിയത്. ഭയങ്കര തിരക്കായിരുന്നു. നീ എന്താ ചെയ്യുന്നത്?”
നീരജ്: “ഞാൻ ഇവിടെ ഈ പുതിയ ടെസ്റ്റ് സീരീസ് വർക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഫിസിക്സിലെ ആ മെക്കാനിക്സ് പോർഷൻ കുറച്ച് ടഫാണ്. നീ അവിടെ എത്തിയ സ്ഥിതിക്ക് ഇനി നിനക്ക് ഇതൊന്നും നോക്കാൻ സമയം ഉണ്ടാവില്ലല്ലോ. നീ വലിയ ഐഐടിയൻ ആയില്ലേ!”
ശിവാനി ഒന്ന് ചിരിച്ചു. “ഏയ്, അങ്ങനെയൊന്നുമില്ല. എനിക്കും പഠിച്ചു തുടങ്ങണം. നീ നന്നായി പ്രിപ്പയർ ചെയ്യ്.”