ശേഷം സോഫയിൽ ഇരുത്തിയിട്ട് അവരും അവളുടെ രണ്ടു വശത്തായി ഇരുന്നു. അവസാനം ജൂലി ചിരിക്കാന്‍ ശ്രമിച്ചു.
“എന്തു പറ്റിയടാ മച്ചു..!?” ഗോപന്‍ സംശയത്തോടെ നെല്‍സനേ നോക്കി.
“അത് അളിയാ.. വരുന്ന വഴിക്ക് ഒരു ലോറിയുമായി ആക്സിഡന്‍റ് ആവേണ്ടതായിരുന്നു… എങ്ങനെയോ നൂലിഴയിൽ രക്ഷപ്പെട്ടു എന്ന് പറയാം. സോറി അളിയാ..!!” നെല്‍സന്‍ കുറ്റബോധത്തോടെ എന്നെ നോക്കിയാണ് പറഞ്ഞത്.
“ഓവര്‍ സ്പീഡിലാണോ നി ഓടിച്ചത്…?” ഗോപന്‍ ചോദിച്ചു.
“നെല്‍സേട്ടന്റെ കുറ്റം അല്ലായിരുന്നു, ഗോപേട്ടാ. ആ റബ്ബർ തോട്ടത്തിന്‍റെ അടുത്തു വച്ച് ഒരു ലോറി വേറൊരു ലോറിയേ ഓവർടേക്ക് ചെയ്ത് ഞങ്ങൾക്ക് നേരെ പാഞ്ഞു വന്നു. റോഡില്‍ ആവശ്യത്തിനുള്ള സ്ഥലം പോലും ഇല്ലായിരുന്നു. പക്ഷേ നെല്‍സേട്ടൻ റോഡ് ചെരുവിലുള്ള റബ്ബർ തോട്ടത്തിലേക്ക് ബൈക്കിനെ കേറ്റി, ഞങ്ങളും ബൈക്കും തോട്ടത്തില്‍ ഉരുണ്ട് വീഴുകയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ല.” ജൂലി പറഞ്ഞവസാനിപ്പിച്ചു.
ഉടനെ ഞങ്ങൾ എല്ലാവരും ജൂലിയേയും നെല്‍സനേയും സൂക്ഷ്മമായി നിരീക്ഷിച്ചു. പക്ഷേ ഒന്നു രണ്ട് ചെറിയ പോരൽ അല്ലാതെ കാര്യമായ മുറിവൊന്നും കണ്ടില്ല.
എന്നിട്ടും ഞാൻ ജൂലിയുടെ നേര്‍ക്കും സുമ നെല്‍സന്റെ നേര്‍ക്കും ധൃതിയില്‍ നടന്നു. സുമ നെല്‍സനെ അവിടെയും ഇവിടെയും എല്ലാം ഡ്രസ് നീക്കി നോക്കി.
പക്ഷേ ഞാൻ ജൂലിയുടെ അടുത്ത് ചെന്നതും അവള്‍ ഗൗരവത്തിൽ പറഞ്ഞു, “എനിക്കൊന്നും ഇല്ലെന്നെ… ചേട്ടൻ വിഷമിക്കേണ്ട.”
അത്രയും പറഞ്ഞിട്ട് ജൂലി കാര്‍ത്തികയോട് സംസാരിക്കാൻ തുടങ്ങി.
ഉടനെ ഞാൻ തിരികെ ചെന്ന് ഊഞ്ഞാലിൽ കേറി.
രാത്രി ഒന്‍പത് മണിവരെ ഞങ്ങൾ ഗോപന്റെ വീട്ടില്‍ ആയിരുന്നു. അന്നേരമൊക്കെ ജൂലി ആവശ്യത്തിന് മാത്രം എന്നോട് സംസാരിച്ചു എന്നല്ലാതെ മറ്റുള്ള സമയങ്ങളില്‍ എന്നെ ഒഴിവാക്കി.
ഇതൊക്കെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടു എങ്കിലും ആരും ഒന്നും ചോദിച്ചില്ല. ഗോപനും നെല്‍സനും ഇടയ്ക്ക് എന്നെ നോക്കി പുരികം ഉയർത്തി, എന്താണ് പ്രശ്‌നം എന്ന് ചോദിക്കും പോലെ. പക്ഷേ ഞാൻ ചുമല്‍ കൂച്ചി കാണിച്ചു.