മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

“എനിക്ക് നിന്നെ ഇഷ്ടാന്നേ, ജീവനാന്നേ, അതെന്താ നിന്റെ ഈ പേട്ട് തലയിൽ കേറാത്തെ…. ലോകത്തൊന്നുകൊണ്ടും അതിലൊരു നുണുങ്ങുപോലും കുറവ് വരില്ലെന്നേ….. എന്നെയിവിടെ ഒറ്റക്ക് വിട്ട്ട്ട്മാത്രം പോകലെ. എനിക്കാരും ഇല്ല… അതാണ്…., ഇനിയിത്രയൊക്കെ സ്നേഹം തന്നിട്ട്, ഇത്രകാലം ഒപ്പമുണ്ടായിട്ട്, ഒന്നും പറയാണ്ട് നീയങ്ങ്‌ട് പോയാ.., ഞാൻ ചെറുതായിട്ട് അങ്ങട് കെട്ടിതൂങ്ങി ചാവണ്ടി വരും, സങ്കടം കൊണ്ട്.., അല്ലാണ്ട് വേറെ കൊഴപ്പം ഒന്നും ഇണ്ടായിട്ടല്ല. അത്ര അവസ്ഥയാണ് നീയില്ലാതെ. നിന്റെ യീ കാല് ഞാൻ പിടിക്കാം” ഞാൻ അവളുടെ കാല് തിരഞ്ഞു. എന്തൊക്കെയാണ് പറയുന്നത്, എന്തൊക്കെയാണ് ചെയ്യുന്നതെന്ന യാതൊരുവിധ ബോധവും എനിക്കപ്പോഴുണ്ടായിരുന്നില്ല. അവളുപോയി കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ഭയംമാത്രം  തലയിലിങ്ങനെ കത്തിനിന്നു.

“ആ പൊഴേലു മുങ്ങി ഞാൻ ചത്തേനെ യെൻ്റെ ഇവളെ,… എന്നാലും കൊഴപ്പല്ല്യാ.., ഒരു നാല് വട്ടംകൂടി ഞാൻ അതിൽ ചാടിനീന്താം. അങ്ങോട്ടുമിങ്ങോട്ടും, എന്നാലെങ്കിലും പൂവാണ്ടിരിക്കാൻ പറ്റോ…” 

 

“എനിക്കറിയില്ല എന്ത് ചെയ്തിട്ടാ, എനിക്കെത്രക്ക് ഇഷ്ടാ നിന്നേ ന്ന് കാണിക്കാന്ന്. നീ തന്നെ പറ, ഞാൻ അതൊക്കെ ചെയ്യാം, അല്ലെങ്കി ഞാൻ കുറച്ചേരം യിങ്ങനെ തലകുത്തി നിന്നാലോ.” ഞാൻ തലകുത്താൻ നോക്കി, അവൾക്കിതെല്ലാം കണ്ട് കരച്ചിലും വരുന്നുണ്ട്, ഒപ്പം ചിരിയും പൊട്ടുന്നുണ്ട്. “എന്തൊക്കെ ആയാലും, എങ്ങനെയൊക്കെ ആയാലും, ഈ പെരുമഴയിലീ ലോകംമൊത്തം ഒലിച്ച് പോയാലും, എന്നെ വിട്ട് നീ മാത്രം പോകല്ലെ, ഞാൻ വിടില്ല.” ഞാൻ കുട്ടികളെ പോലെ വാശി പിടിച്ചാ കാല് മുറുക്കിപിടിച്ചു.

 

അവൾ ഒന്നുംപറയാതെ കണ്ണുതുടച്ചു കൊണ്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

 

ഞങ്ങൾ രണ്ടുപേരും ഒരുപാട് നേരം, പരസ്പരം ഒന്നുംതന്നെ പറയാതെ ബസ്സിൻ്റെ ലോങ്ങ് സീറ്റിൽ ചേർന്നിരുന്നു. അവൾ തല എൻ്റെ തോളിൽ ചായ്ചിരുന്നു. ഞാനവളുടെ കൈകൾ മുറുക്കെ എന്റെ നെഞ്ചിനോട് ചേർത്ത് പിടിച്ചിരുന്നു. 

 

“സരു പറഞ്ഞത്, എത്ര ശരിയാ…” 

 

“എന്താ…”

 

“ആരുടെ കയ്യിന്ന് രക്ഷപ്പെട്ടാലും, ഉണ്ണിയേട്ടൻ്റെ കയ്യിന്ന് ഞാൻ രക്ഷപെടില്ലാന്ന്.”

Leave a Reply

Your email address will not be published. Required fields are marked *