മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

ഞാൻ ചുമച്ച് വെള്ളം തുപ്പി, ഓടിതുടങ്ങി. എങ്ങനെയൊക്കെയോ മലയുടെ ഉച്ചിയിലെത്തി കാട്ടിലേക്ക് കടന്നു. അവിടെയാകെ മുള്ളുള്ള ശതാവരിത്തൈകൾ പടർന്ന് കയറിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന എൻ്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം അവ കൊളുത്തി വലിച്ചു. ചോരയൊഴുകി തുടങ്ങി. ആരറിയുന്നു, ഇതെല്ലാം. 

 

അരികിലെ പൊന്തക്കാടുകളിൽ എന്തൊക്കെയോ അനങ്ങുന്നുണ്ട്. കുറുക്കനാവും. പക്ഷെ കുറുക്കൻ മറ്റ് ജീവികളെ പോലെയല്ല. തനിക്ക് പിടിക്കാൻ പറ്റുമെന്ന് ഉറപ്പുള്ളപ്പഴെ ആക്രമിക്കു. ഞാൻ തനിച്ചാണെങ്കിലും, ഓടുന്നവേഗം അവരെ ചെറുതായൊന്ന് കുഴപ്പിച്ചിരിക്കാം, ഒന്നും അടുത്തു വന്നില്ല. വലത് വശത്തെ കൺകോണിൽ എനിക്ക് കാണാം, മരക്കൊമ്പിൽ ഒരു മുഴുത്ത പെരുമ്പാമ്പ് വാൽ മാത്രം താഴെക്കിട്ട് ദോലനം ചെയ്ത് എന്നെ നോക്കിയിരുപ്പുണ്ട്. കാട്ടിൽ ഏത് ജീവിയേയും ചെറുത്ത് നിൽക്കാൻ മാത്രം ധൈര്യം എനിക്കാസമയം ഉണ്ടായിരുന്നു. ഒരുപക്ഷെ പ്രണയം തന്നെ ആയിരുന്നിരിക്കണം, ആദിമത്തിൽ കാട്ടിൽ അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത്. എന്തൊക്കെയോ കൊമ്പുകൾ, വള്ളികൾ, കാട്ട്മാറാപ്പുകൾ ദേഹതടിച്ച് ചിതറി. ദേഹം മുഴുവൻ വേദനയെടുക്കുന്നുണ്ട് എങ്കിലും നിന്നില്ല.

 

*****

അകലെന്ന് ബസ്സ് വരുന്നത് കണ്ട ഞാൻ, അൽപ്പംകൂടി വേഗത്തിൽ കാടിറങ്ങാൻ നോക്കി. അതെനിക്ക് എളുപ്പത്തിൽ പറ്റി. കാലുമടങ്ങി ആ കണ്ട ദൂരം മുഴുവൻ ഞാൻ ഉരുണ്ടിറങ്ങി, ബസ്സിനു മുന്നിൽ നനഞ്ഞ റോഡിൽ അലച്ച്തല്ലിവീണു.

 

നേരത്തേതന്നെ എന്റെ ഭീകരമായ വരവ് കണ്ട, പേടിച്ച്തൂറിയായ ഡ്രൈവർ എഴുന്നേറ്റ് നിന്ന് ബ്രൈക്ക് അമർത്തിചവിട്ടി. ഇല്ലെങ്കിൽ ഇന്ന്തന്നെ ഒരു ഫ്ലെക്സിൽ പടമടിച്ച്, എന്നെ അങ്ങട് ഒഴിവാക്കായിരുന്നു. നനഞ്ഞ ടയറും റോഡും തമ്മിൽ പ്രണയം നന്നേ കുറവായിരുന്നു. അവർ പ്രശ്നം പറഞ്ഞ്തീർത്ത്, ഗർഷണത്തിൽ ആലിംഗനം ചെയ്ത് വരാൻ സമയമെടുത്തു. പിടിച്ചിട്ട് കിട്ടിയില്ല. നിരങ്ങി വഴുക്കിവന്ന്, അവസാനം എന്തോ ഒരുഭാഗ്യത്തിന് എന്റെ ചെവിക്ക് തൊട്ടടുത്ത് ബസ്സിൻ്റെ ഭീമാകാരമായ ടയറുകൾ വന്ന്നിന്നു. എനിക്ക് ആ കനത്ത മഴയിലും, നല്ല കത്തിയ റബ്ബറിൻ്റെ മണം മൂക്കിൽകിട്ടി. ഭാഗ്യം എനിക്ക് കൊറോണയില്ലെന്നു തോന്നുന്നു. 

Leave a Reply

Your email address will not be published. Required fields are marked *