മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

“അന്നൊരു മുഖം ഇണ്ടായില്ല, പക്ഷെ എൻ്റൊരു ഊഹം വച്ച് ശരീരo എതാണ്ട് ഇത് പോലെന്നെ ആയിരുന്നു” ഞാൻ ഒരു കള്ളചിരിചിരിച്ചു.

 

“ ശ്ശീ, വഷളൻ” അവളെന്റെ നെഞ്ചിലൊരിടിയിടിച്ചു. “പറയ്. ഞാൻ അന്നുകണ്ട അത്ര സുന്ദരിയാണോ?” അവളെന്റെ കണ്ണിൽ നോക്കിയാണ് ചോദിച്ചത് കള്ളംപറയാൻ പറ്റിയില്ല.

 

“അന്ന് ഞാൻ സൗന്ദര്യമായിട്ട് നിന്റെ സ്നേഹം മാത്രേ കണ്ടുള്ളു. അങ്ങനെ നോക്കാണെങ്കിൽ നീ ഇന്ന് അതിലും സുന്ദരിയാണ്.” അവളേതോ നിർവൃതിയിൽ പതിയെ ചിരിച്ചു. ആ നിറഞ്ഞ കണ്ണൊന്ന് തുളുമ്പി, ഒരുകുഞ്ഞു പനിനീർതുള്ളി താമരയിതൾ പോലുള്ള കവിളിണകളിൽ തഴുകിയിറങ്ങി എന്റെ വിടർത്തി വച്ച കൈവള്ളയിൽ വന്നുവീണു. ഞാൻ അത് ചുരുട്ടി നെഞ്ചോട് ചേർത്തു.

 

“ മീനാക്ഷി” ഞാൻ കണ്ണടച്ചിരിക്കുന്ന അവളെ വിളിച്ചു.

 

“മ്മ്..” അവൾ അടച്ചമിഴികൾ തുറക്കാതെ വിളികേട്ടു. ഞാനാ കൈകൾ കവർന്നെടുത്തു. 

 

“നിനക്ക് എന്നെങ്കിലും, അവരു പറഞ്ഞപോലെ എന്നെപറ്റി തോന്നാണെങ്കിൽ, എന്നെ സ്നേഹിക്കാൻ കൊള്ളില്ലാന്നു തോന്നാണെങ്കിൽ, നീയത് ആദ്യം എന്നോട് പറയില്ലെ.  എന്നെ.., എന്നെ നീ ശരിക്കും സ്നേഹിക്കുന്നില്ലേ.” ഞാൻ ഒരു യാചകൻ്റെ പ്രതീക്ഷയിൽ അവളെ നോക്കി.

 

അത് അകത്തും പുറത്തും ഒരു മഴയുടെ തുടക്കമായിരുന്നു. പാൽനിലാവമ്പിളിയെ കാർമേഘം വന്ന് മൂടി, ഇടിമിന്നൽ ആകാശത്ത് പടർന്നു പന്തലിച്ചു. മഴപെയ്യുന്നതിലും ശക്തമായി അവളുടെ മിഴി പെയ്തിറങ്ങി. അവൾക്കു ഉത്തരംപറയാൻ എന്നല്ല സംസാരിക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.

 

ഒരാർത്തനാദത്തിൽ, അവളെൻ്റെ നെഞ്ചിൽ മഴയെന്ന പോലെ അലച്ചുതല്ലിവീണു. നെഞ്ച് പുതുമണ്ണ് പോലെ നനഞ്ഞു.

 

“ ന്നെ… യീ… ജീവിതത്തിൽ ആരെങ്കിലും സ്‌നേഹിച്ചിട്ടുണ്ടെങ്കിൽ… അത് നിങ്ങള്…. നിങ്ങള് മാത്രമാണ് ഉണ്ണിയേട്ടാ..” ആ വാക്കുകൾ ഇടറി മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു. “ഇനിയും… ഈ ലോകം മുഴുവൻ എന്നെ വെറുത്താലും നിങ്ങളെന്നെ സ്നേഹിക്കൂന്ന് എനിക്കറിയാം. മീനാക്ഷിക്കത് മാത്രം മതി. യിപ്പൊ.. യീ… നിമിഷം ചത്ത് പോയാലും, കണ്ണടയടണേന് മുന്ന് നിങ്ങടെ മുഖാ ഓർക്കുള്ളോ.” ആ വാക്കുകൾ പാതിതേങ്ങലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *