ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Posted by

ജെറി വളരെ ഫ്രണ്ട്‌ലിയായി അമ്മായിയോട് ഇടപെട്ടെങ്കിലും, അവരുടെ തുളച്ചുകയറുന്ന നോട്ടം ശ്യാമിലേയ്ക്ക് ഇടയ്‌ക്കെല്ലാം വീഴുന്നത് അവന് മനസിലായിരുന്നു.

“ഇവർക്ക് തന്നോട് എന്തോ ഒരു വൈരാഗ്യം ഉണ്ടോ” എന്ന വിചാരമാണ് ആദ്യം ശ്യാമിന് തോന്നിയത്. എന്നാൽ ശ്യാമിനോട് സംസാരിക്കുമ്പോൾ തീർത്തും സ്‌നേഹപൂർവ്വവും അതീവ ലാളിത്യത്തിലും ആയതിനാൽ അങ്ങിനെ ആയിരിക്കില്ല എന്നും അവന് മനസിലായി.

ഇവരൊരു കീറമുട്ടി പ്രശ്‌നമാണല്ലോ എന്ന ചിന്തയോടെയാണ് അവൻ അന്നവിടെ നിന്നും പോന്നത്.

ഈ കാര്യങ്ങൾക്കിടയിൽ തന്നെ ശ്യാമിനെ അലോരസപ്പെടുത്തുന്ന സംഭവങ്ങൾ ഒന്നൊന്നായി കടന്നുവന്നുകൊണ്ടിരുന്നു.

സിസ്റ്ററും ബെന്നിയുമായി നല്ല അടുപ്പത്തിലായി കഴിഞ്ഞിരുന്നു. എന്നു പറഞ്ഞാൽ ബെന്നിയെ മാത്രമായി കാണാൻ വരിക, ഭക്ഷണകാര്യങ്ങൾ തിരക്കുക, ദൈവീക കാര്യങ്ങൾ സംസാരിക്കുക എന്നു വേണ്ട ആകെ ഗുലുമാല്!!

“ഈ പിശാചിനെ സേവിക്കാൻ വന്നിട്ട് അത് തനിക്ക് തന്നെ ഒരു പണിയായിപ്പോയല്ലോ എന്റെ കർത്താവേ” എന്ന് ശ്യാം അറിയാതെ വിളിച്ചു പോയി.

ബെന്നിയുമായുള്ള സിസ്റ്ററിന്റെ അടുപ്പം ജെറിയോടെന്നപോലെ ആയതായും ; ജെറി, ബെന്നി, ബെറ്റി എന്നിവരുടെ ഇടയിൽ താൻ ഒരു അധികപ്പറ്റാകുന്നതായും ശ്യാമിന് തോന്നി.

അധികം താമസിയാതെ ബെന്നിയുടെ പ്ലാസ്റ്റർ എടുക്കുകയും, നട്ടും ബോൾട്ടും അഴിക്കുകയും ചെയ്തു. അകത്തിട്ടിരുന്ന നിക്കലിന്റെ പ്ലേറ്റും ഏതാനും സ്‌ക്രൂകളും മാത്രം ഒരു ബോണസായി കാലിൽ അവശേഷിച്ചു.

കാൽപാദത്തിനേറ്റ ചതവും, മുറിവും ഫിസിയോതെറാപ്പിസ്റ്റിന്റെ ചികിത്‌സ ആവശ്യമുള്ളതാകയാൽ അവനെ അവിടേയ്ക്ക് റെഫർ ചെയ്യപ്പെട്ടു.

സിസ്റ്ററിന്റെ റൂമിനടുത്തായിരുന്നു ഈ ഫിസിയോ തെറാപ്പിസ്റ്റിന്റെ റൂം. ( ജോൺസൺ എന്ന ആളുടെ കഥയിലും ഈ റൂം കടന്നു വരുന്നുണ്ട്, ജോൺസണും നമ്മുടെ ബെറ്റി സിസ്റ്ററിനെ കണ്ടിട്ടുണ്ട്, കുറെ വെള്ളവും ഇറക്കിയിട്ടുണ്ട് – അതും ഫിസിയോതെറാപ്പിക്ക് വന്നതായിരുന്നു – ആ കഥ പിന്നീട് )

സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പം ശ്യാം തെറ്റിദ്ധരിച്ചതാണോ, അതോ അസൂയ ആണോ, ആവശ്യത്തിനുള്ള ശ്രദ്ധകിട്ടാത്തതിന്റെ പ്രതിഷേധമാണോ എന്ന് പറയാൻ സാധിക്കില്ല, എതായാലും ശ്യാം സിസ്റ്ററിനേയും, ആ റൂമിനേയും ഒഴിവാക്കി.

ബെന്നി സിസ്റ്ററിനെ കാണാൻ തുടങ്ങുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അവൻ നേഴ്‌സിങ്ങ് സ്‌ക്കൂളിന്റെ മുറ്റത്തിറങ്ങി ചെടികൾ പരിശോദിച്ചു കൊണ്ട് നിന്നു. മനോഹരമായ ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ ആ പൂന്തോട്ടത്തിലെ വയലറ്റ് പൂക്കൾ അവരുടെ ഒരു പതിപ്പായി അവനു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *