തുളസിദളം 7 [ശ്രീക്കുട്ടൻ]

Posted by

“എന്നെ വിട്ട് പോകല്ലേ… ന്റെ കാവിലമ്മ… കൊണ്ടൊ..ന്നതാ.. എന്റെ രാജകുമാരനെ…”

അവൾ പതിയെ കുഴയുന്ന സ്വരത്തിൽ അല്പ ബോധത്തോടെ പറഞ്ഞുകൊണ്ടിരുന്നു,

അവൻ കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു

വൃന്ദ പതിയെ കണ്ണുകൾ തുറന്നു, രുദ്രിനെ നോക്കി, പിന്നെ വിതുമ്പിക്കരയാൻ തുടങ്ങി, അതുകണ്ട് രുദ്ര് അവളെ കട്ടിലിൽ നിന്നും ഉയർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു, അവൾ അവനെ ചുറ്റിപ്പിടിച്ചു, അവളുടെ കണ്ണുനീർ കൊണ്ട് അവന്റെ നെഞ്ച് കുതിർന്നു,

എപ്പോഴോ അവളുടെ ഏങ്ങലടങ്ങിയിരുന്നു, അവനിൽ ചേർന്ന് ഇരുന്ന അവളെ രുദ്ര് പതിയെ അടർത്തി മാറ്റാൻ നോക്കി, അതേ വേഗത്തിൽ അവൾ അവനെ മുറുകെ പുണർന്നു,

“ഉണ്ണിക്കുട്ടാ…”

അവളുടെ നെറുകയ് മുകർന്നുകൊണ്ട് അവൻ ആർദ്രമായി അവളെ വിളിച്ചു

“മ്…”

അവൾ പതിയെ മൂളി

“ചെല്ല്… പോയി ഒന്ന് ഫ്രഷായി വേഷം മാറ്…”

അവൻ സ്നേഹത്തോടെ പറഞ്ഞു

“മ്ഹ്…”

ഇല്ലെന്ന് തലയാട്ടി അവളൊന്നുകൂടി അവനിലേക്ക് ചേർന്നു

“നിക്ക് അറിയാം, ഞാനിപ്പോ വിട്ടാ, പിന്നേം എന്നോട് പിണങ്ങും, ഞാൻ ആ മുഖത്ത് നോക്കി ചിരിച്ചാൽ പോലും ന്നോട് ചിരിക്കില്ല… ന്റെ മുഖത്ത് നോക്കുകപോലുല്ല… ന്നെ ഇഷ്ട്ടല്ലാത്തോണ്ടല്ലേ…??”

അവൾ തേങ്ങലോടെ അതേസമയം പരിഭവത്തോടെയും കുറുമ്പോടെയും ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവനോട് പറഞ്ഞു,

അവളിലെ ആ ഭാവം ആദ്യമായി കാണുകയായിരുന്ന രുദ്ര്, ഒരു നിമിഷം ഇഷ്ടത്തോടെ അവളെ നോക്കി നിന്നു, അവന്റെ അവഗണന അവളെ എന്ത് മാത്രം വിഷമിപ്പിച്ചുവെന്ന് അവൻ ചിന്തിച്ചു,

“നീയല്ലേ പെണ്ണേ, എന്നോട് പിണങ്ങിയത്… ഞാനെന്റെ മനസ്സ് അങ്ങനെതന്നെ നിനക്ക് തുറന്ന് തന്നതല്ലേ…? എന്നിട്ടും നിന്റെ മനസ്സിലുള്ളത് പൂട്ടി വച്ചിട്ട് എന്നോട് പിണങ്ങിയത് നീയല്ലേ…”

അവൻ അവളോട് ചോദിച്ചു

അതിന് മറുപടിയായി അവൾ അവന്റെ ഷർട്ടിൽ ഒന്ന് മുറുകെ പിടിച്ചു,

ഇന്നത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു,

“ത്തിരി നേരം എന്റടുത്തിരിക്കോ…?”

അവൾ ചോദിച്ചു

“മ്…”

അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മകൊടുത്തുകൊണ്ട് രുദ്ര് മൂളി,

അവനെ മുറുകെ പിടിച്ചു കണ്ണടച്ച് അവൾ പതിയെ മയങ്ങി, രുദ്ര് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു, അവളുടെ മൂക്കുത്തി തിളങ്ങിയിരുന്നു, അവൻ അതിൽ നോക്കി കുറച്ചുനേരം ഇരുന്നു പിന്നീട് അവളെ പുതപ്പിച്ച് വാതിൽ ചാരി പുറത്തേക്കിറങ്ങി,

Leave a Reply

Your email address will not be published. Required fields are marked *