യക്ഷി 3 [താർക്ഷ്യൻ]

Posted by

***x** ***x** ***x**

ണി ണി ണി ണി….

അലാറം കിടന്നു തൊള്ള തുറക്കുവാണ്…

 

ഓരോന്ന് ആലോചിച്ച് ഉറക്കവും പോയി നേരവും പുലർന്നു. ഞാൻ മടുപ്പോടെ എണീച്ചു. അടുക്കളയിൽ നിന്നും പഴയ മലയാള ഗാനങ്ങൾ റേഡിയോയിൽ കേൾക്കാം.. അമ്മ എഴുന്നേറ്റിട്ടുണ്ട്.. ഞാൻ വേഗം കുളിച്ചു ഡ്രസ്സെല്ലാം മാറ്റി. ഭക്ഷണവും കഴിച്ചു. നേരത്തെ ഇറങ്ങാം എന്ന് വെച്ചു. ഇന്നലത്തെ സംഭവങ്ങൾ എല്ലാം കൂടി കാരണം തല പെരുത്ത് ഇരിക്കുകയാണ്. വീട്ടിൽ ഇരിക്കാൻ തോന്നുന്നുന്നില്ല. അപ്പോഴേക്ക് അമ്മ പോയി കഴിഞ്ഞിരിക്കുന്നു. ഞാനും ഇറങ്ങി…

“ഇന്നെന്നാടാ നേരത്തെ”..? ദുശ്ശകുനം പോലെ പുറകിൽ നിന്നൊരു ചോദ്യം.. പപ്പയാണ്. സിറ്റ് ഔട്ടിൽ ഇരുന്നു പത്ര പാരായണത്തിൽ ആയിരുന്നു. തലയിൽ നൂറു ചിന്തകൾ ഉള്ളതിനാൽ ഞാൻ അങ്ങോരെ കണ്ടില്ല…

“അത്.. പിന്നെ.. അൺ..  അല്ല..രാജീവൻ സാറിന്റെ ക്ലാസ്സോണ്ടായിരുന്നു പപ്പാ”.. പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ തപ്പി തടഞ്ഞു.

പപ്പ, പത്രം താഴ്ത്തി കണ്ണടക്ക് മുകളിലൂടെ ലോകത്തിലെ എല്ലാ തന്തപ്പിടീസും നോക്കുന്ന പോലെ എന്നെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട് ഒരു കണ്ണ് പകുതി അടച്ചുകൊണ്ട് ഏതാണ്ട് വലിയത് കണ്ടുപിടിച്ചപോലെ എന്നോട് ചോദിച്ചു..

 

“നീ ആ മാനസയെ കാണാൻ പോകുവല്ലേടാ”..??

 

എനിക്കങ്ങു ചൊറിഞ്ഞു കയറി. പക്ഷെ കയറിയ ചൊറി തീർക്കാൻ പറ്റിയ ഒരാൾ അല്ല എബ്രഹാം കോശി എന്ന് എനിക്ക് നന്നായി അറിയുന്നത് കൊണ്ട് ഞാൻ വളരെ അനുനയത്തിൽ പറഞ്ഞു.

“എന്റെ പൊന്നു പപ്പ.. എന്നെങ്കിലും പപ്പ പറഞ്ഞത് പോലെ മാനസയോട് എനിക്ക് എന്തെങ്കിലും തോന്നുവാണെങ്കിൽ ഞാൻ ആദ്യം വന്നു പപ്പയോട് പറയാം. പപ്പ അതങ്ങു കുളമാക്കി തന്നാ മതി. പ്രോമിസ്..”

പപ്പ എന്നെ അവിശ്വസനീയതോടെ നോക്കി. ഇതുവരെ പപ്പയോട് ഞാൻ ഇങ്ങനെ വലിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.

“എന്നാൽ പപ്പ ഒരു കാര്യം ചെയ്, എന്നെ വിശ്വാസം ഇല്ലെങ്കിൽ ആ സത്യനങ്കിളിനെ വിളിച്ചൊന്ന് ചോദിക്ക് അവൾ ഇറങ്ങിയോ എന്ന്” ഞാൻ എൻ്റെ നിഷ്കളങ്കത മറച്ച് വെച്ചില്ല…

ഇങ്ങനെ ഒരു ഡയലോഗ് അടിച്ചാൽ മക്കളെ 100% വിശ്വസിക്കുന്ന തന്തമാരാണ് ലോകത്തുള്ള 99.9% പേരും… എന്നാൽ എബ്രഹാം കോശി അവശേഷിക്കുന്ന 0.1% കീടാണുവാണ്. ചിലപ്പോൾ എന്നെ അവിടെ നിർത്തി തന്നെ സത്യനങ്കിളിനെ വിളിച്ച് കളയും. എന്റെ ഭാഗ്യക്കേടിന് ആ പണ്ടാര പെണ്ണ് എങ്ങാനും അവളെ അമ്മയെ കെട്ടിക്കാൻ വീട്ടിൽ നിന്നും നേരത്തെ സ്‌കൂളിലേക്ക് ഇറങ്ങിയിട്ടുണ്ടെങ്കിൽ.. ഞാൻ പപ്പയുടെ ചുറ്റും ഒന്ന് നോക്കി.. കൈയെത്തും ദുരത്ത് പപ്പക്ക് ആക്സസ് ചെയാൻ പറ്റുന്ന ടൂൾസ് എന്തൊക്കെ ഉണ്ടെന്ന്..

Leave a Reply

Your email address will not be published. Required fields are marked *