യക്ഷി 3 [താർക്ഷ്യൻ]

Posted by

 

അങ്ങനെ ഇരിക്കെ സോഫിയ ചേച്ചി ആ കടമുറിയിൽ ഒരു തയ്യൽ കട തുടങ്ങാൻ അമ്മയോട് അനുവാദം ചോദിച്ചു. പക്ഷേ അമ്മ അത് എതിർത്തു.

‘ഭാഗ്യം കെട്ട ഒരു മുറിയാണ് സോഫി’ എന്ന് ആവതും അമ്മ പറഞ്ഞു നോക്കി. പക്ഷേ എന്ന് സോഫിയ പറഞ്ഞത്

“ഭാഗ്യം ഉള്ളവർക്ക് അല്ലേ ഭാഗ്യക്കേടിനെ പേടിക്കണ്ടു ടീച്ചറേ”… എന്നാണ്. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. പപ്പയോട് പറഞ്ഞ് താക്കോൽ എടുത്ത് കൊടുത്തു. പപ്പക്ക് ബഹുത് സന്തോഷം… വാടക കിട്ടുമല്ലോ…

അങ്ങനെ സോഫിയ അവിടെ ഇരുന്നു മിഷ്യൻ ചവിട്ടി ഒന്ന് പച്ച പിടിച്ചു. നിലീനെ  ഓർഫനേജിൽ നിന്നും തിരിച്ചു കൊണ്ട് വന്നു കൂടെ നിർത്തി. പക്ഷേ സോഫിയെ തിരിഞ്ഞ് വീണ്ടും ദൗർഭാഗ്യം എത്തി… ഇത്തവണ പേമാരിയുടെ രൂപത്തിൽ… ആർത്തലച്ച് വന്ന മഴയും കാറ്റും കൂര ഒന്നാകെ അടിച്ച് എടുത്ത് കൊണ്ട് പോയി. വീട്ടിലെ സാധങ്ങൾ എല്ലാം ഞങ്ങടെ തോട്ടം നിറയെ ചിതറി. കട്ടിൽ വരെ പൊളിഞ്ഞ് പാറി പോയ കാറ്റും മഴയും ആയിരുന്നു അത്. അതോടെ ഞങ്ങളുടെ വീടിൻ്റെ ചായ്പ്പിൽ ആയി സോഫിയും കുഞ്ഞും കുറച്ച് കാലം…

 

വീണ്ടും സോഫിയ നിലീനെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. ജീവിതവുമായി ഉള്ള മല്ലയുദ്ധം റൗണ്ട് ടൂ തുടങ്ങാൻ… പകൽ വീട് പണികളും രാത്രി മിഷ്യൻ തുന്നലും ആയി സോഫി പൂർവാധികം ശക്തി ആയി പൊരുതാൻ തുടങ്ങി. ഇതിനിടയിൽ സൗജന്യ നിയമ സഹായത്തിനു അപേക്ഷിച്ച് കുറെ നിയമം ഒക്കെ പഠിച്ച്, പഴയ കെട്ടിയവൻ്റെ കുടുംബത്തിന് എതിരെ ഗാർഹിക പീഡനവും വഞ്ചന കുറ്റവും എന്തിന് വധ ശ്രമവും അടക്കം പറ്റാവുന്ന എല്ലാ വിധ നിയമ കുരുക്കുകളും ഉപയോഗിച്ച് വരിഞ്ഞങ്ങു മുറുക്കി. ആദ്യമൊന്നും അവർ മൈൻഡ് പോലും ചെയ്തില്ല. പക്ഷേ പിന്നെ പിന്നെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ അങ്ങനെ അങ്ങ് മൈൻഡ് ആക്കാതെ ഇരിക്കാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ അവർ കൊടി കെട്ടിയ വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിച്ചു.

പക്ഷേ സോഫി ബുദ്ധിമതി ആയിരുന്നു. ഒന്നുമല്ലാത്ത താൻ പെട്ടന്ന് രാജ്ഞിയുടെ സിംഹാസനത്തിൽ കയറി ഇരിക്കുമ്പോൾ അതിന് ഭീഷണിയേറും എന്ന് ആദ്യമേ മനസിലാക്കിയതിനാൽ കെട്ടിയോൻ അച്ചായൻ്റെ വീട്ടിൽ നിന്നും അവരുടെ ഉടായിപ്പ് ബിസിനസുകൾ അടക്കം പല സുപ്രധാന രേഖകളും കടത്തി സുരക്ഷിതമായി മകളുടെ പെട്ടിയിൽ വെച്ച് പൂട്ടി അനാഥാലയത്തിൽ സൂക്ഷിച്ചിരുന്നു. ആ പെട്ടിയങ്ങു പൊട്ടിച്ചപ്പോൾ എതിർകക്ഷികളുടെ ആട്ടം മുട്ടി. ആദ്യം ഭീഷണിയും പിന്നീട് കടന്ന് ആക്രമിക്കാനും ശ്രമിച്ചെങ്കിലും സോഫിയ സേവ്യർ കുലുങ്ങിയില്ല. അവസാനം കോടതിക്ക് പുറത്ത് വെച്ച് ഏതാണ്ട് അവരുടെ ആസ്ഥിയുടെ ഒരു കാൽ ഭാഗം തന്നെ സോഫിയ ഇങ്ങു എഴുതി വാങ്ങിച്ചു…

Leave a Reply

Your email address will not be published. Required fields are marked *