നായിക
Nayika | Author : Master
വിശാമാലയ കിടപ്പുമുറിയില്‍ അസ്വസ്ഥതയോടെ തലങ്ങും വിലങ്ങും ഉലാത്തുന്ന നിമ്മി ജോസിനെ അവളുടെ ജോലിക്കാരന് കം ഡ്രൈവര്‍ ആയ വിഷ്ണു മുറിയുടെ മൂലയ്ക്ക് കുത്തിയിരുന്നുകൊണ്ട് നിസ്സഹായതയോടെ നോക്കി. ഏഴടി നീളവും ആറടി വീതിയുമുള്ള രണ്ടു വലിയ തേക്കിന് കട്ടിലുകളും, അവയുടെ നടുവില്‍ നെടുനീളത്തില്‍ ഇട്ടിരിക്കുന്ന ഗ്ലാസ് കൊണ്ടുള്ള വലിയ ടീപോയും നാല് സെറ്റ് വിദേശ നിര്‍മ്മിത സോഫകളും, ഫ്രിഡ്ജ്, അലമാരകള്‍ മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ ഉണ്ടായിട്ടും മുറിയില്‍ ധാരാളം സ്ഥലം ബാക്കി ഉണ്ടായിരുന്നു. മുറിയുടെ മൂന്നു ഭാഗങ്ങളിലായി ഉണ്ടായിരുന്ന ആറോളം വലിയ ജനാലകള്‍ തുറന്നാണ് കിടന്നിരുന്നത്. അവയിലൂടെ ബംഗ്ലാവിന്റെ പിന്നിലെ വനത്തിനു സമാനമായ വിശാലമായ പറമ്പ് കാണാന്‍ സാധിക്കുകായിരുന്നു.
മുറിയുടെ ഒരു ഭാഗത്തുള്ള ചെറിയ സ്വകാര്യ ബാറിലെ മേശമേല്‍ ഒരു ഗ്ലാസില്‍ തണുത്ത ബിയര്‍ നുരഞ്ഞുപൊന്തി ഇരിപ്പുണ്ടായിരുന്നു. നിമ്മി ഇടയ്ക്കിടെ അതില്‍ നിന്നും ലേശം നുണഞ്ഞു കൊണ്ടാണ് ഉലാത്തിക്കൊണ്ടിരുന്നത്. മുപ്പത്തിയഞ്ചു വയസ്സ് പ്രായമുള്ള അവള്, ഇപ്പോഴും ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന സൂപ്പര്‍ നായികയായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ലാത്ത അവള്‍ക്ക് മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഉണ്ട് ആരാധകരും ചിത്രങ്ങളും. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളും നടനുമായ ജോസ് ആണ് അവളുടെ ഭര്‍ത്താവ്. രണ്ടുപേര്‍ക്കും കോടികളുടെ ആസ്തി ഉണ്ടെങ്കിലും, ഇനിയുമിനിയും സമ്പാദിച്ചു കൂട്ടണമെന്ന അത്യാര്‍ത്തിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. പണമുണ്ടാക്കാന്‍ വേണ്ടി എന്ത് ചെയ്യാനും, ആരെ ചതിക്കാനും ഇരുവര്‍ക്കും മടിയുമുണ്ടായിരുന്നില്ല.
അങ്ങനെയുള്ള ഒരു വലിയ ചതിയുടെ അനന്തരഫലം ഇപ്പോള്‍ നിമ്മിയുടെ തലയ്ക്ക് മീതെ തൂങ്ങിക്കിടക്കുന്ന ഒരു കൊടുവാളായി മാറിയിരിക്കുകയായിരുന്നു.
വിദേശ ബിസിനസ്സുകാരനായ, സിനിമാ ഭ്രാന്തുള്ള ഒരു കോടീശ്വരനെ ചാക്കിലാക്കി അയാളുടെ കോടികള്‍ ജോസും നിമ്മിയും ചേര്‍ന്ന് അപഹരിച്ചു എന്ന കേസായിരുന്നു അത്. അയാളുടെ പണം മുടക്കി ജോസ് നിര്‍മ്മിച്ച സിനിമ പരാജയപ്പെടുകയും, അതിന്റെ കണക്കിലേക്ക് പണം പിടുങ്ങി അയാളെ ജോസും ഭാര്യയും മനപ്പൂര്‍വ്വം ചതിച്ചു എന്നതുമാണ് കേസ്. ജോസ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായേക്കും എന്നറിഞ്ഞപ്പോള്‍ത്തന്നെ വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങില്‍ ആയിരുന്ന നിമ്മി വിവരം അറിയുന്നത് തലേന്ന് നാട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ്. ആ സമയം മുതല്‍ അവള് സ്ഥലം വിട്ടു പോകാതിരിക്കാന്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്തുള്ള ജോസിനെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന പോലീസ്, ഏതു സമയത്തും തന്നെയും ചോദ്യം ചെയ്യാന്‍ എത്തിയേക്കും എന്ന ആധിയില്‍ ആയിരുന്നു നിമ്മി.