വളരെ പെട്ടെന്നുതന്നെ ആ രണ്ട് അവധി ദിവസങ്ങളും സ്നേഹയ്ക്ക് കടന്നുപോയി. പക്ഷെ അതിനിടയിൽ ഒന്നും ജിത്തുവിന്റെ യാതൊരു വിവരവും അവൾക്ക് ഉണ്ടായിരുന്നില്ല. അതുവരെ സ്കൂളിലെ ഗ്രൂപ്പുകളിൽ സ്ഥിര സാനിധ്യമായിരുന്ന അവൻ, ആ രണ്ടു ദിവസം ഓൺലൈനിൽ പോലും വന്നിട്ടുണ്ടായിരുന്നില്ല. അതൊക്കെ കണ്ടപ്പോൾ ശെരിക്കും സ്നേഹയ്ക്ക് അവനോട് ചെറിയ വിഷമവും ദയയും വരാൻ തുടങ്ങി.
അവൻ ആകെ തന്നെ നോക്കുക മാത്രമല്ലേ ചെയ്തതെന്ന് അവൾ അവളോട് തന്നെ പറഞ്ഞു. ഒരു പക്ഷെ താൻ എടുത്തു ചാടി നല്ലൊരു സൗഹൃദം തകർത്തോ എന്ന സംശയം സ്നേഹയെ വല്ലാണ്ട് അലട്ടിക്കൊണ്ടിരുന്നു.
പലതും ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സമയം പോയത് അവൾ അറിഞ്ഞില്ല. സ്നേഹയുടെ കണ്ണുകളിലേക്ക് പതിയെ ഉറക്കം വന്നു തുടങ്ങിയിരുന്നു.
നാളെത്തേക്കുള്ള അസ്സയിന്മെന്റ് മേശയുടെ സൈഡിലേക്ക് നീക്കിവെച്ച ശേഷം അവൾ കസേരയിൽ നിന്ന് എണീറ്റു. കതകിനടിയിലൂടെ നോക്കുമ്പോൾ താഴെയൊന്നും വെട്ടം കാണുന്നുണ്ടായിരുന്നില്ല. പപ്പയും മമ്മിയും ഉറങ്ങിയെന്ന കാര്യം അവൾക്ക് മനസ്സിലായി.
അവൾ മുറിയുടെ കതക് കുറ്റിയിട്ട ശേഷം കട്ടിലിനടിയിൽ എന്തോ തപ്പുന്നുണ്ടായിരുന്നു. കുറച്ചുനേരം തപ്പിയശേഷം അവൾ അത്കൊണ്ട് എണീറ്റ് കട്ടിലിലേക്കിരുന്നു.
പകുതി തീർന്ന ഒരു പാക്കറ്റ് സിഗററ്റായിരുന്നു അവളുടെ കയ്യിൽ.
ഒന്നൊന്നര കൊല്ലം മുൻപ് പപ്പയുടെ ഫ്രണ്ട് കൊടുത്ത ഒരു പാക്കറ്റ് സിഗററ്റ് അവളുടെ മുറിയിൽ വെച്ച് പപ്പ മറന്നിരുന്നു. അന്ന് തമാശക്ക് ആണ് സ്നേഹ ആദ്യമായി അത് കൈകൊണ്ട് തൊടുന്നത്. പക്ഷെ എന്തോ അത് അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
അത് തീർന്നശേഷം ജിത്തുവിനെ കൊണ്ടാണ് അവൾ ഇടയ്ക്കിടയ്ക്ക് ഇത് വാങ്ങിപ്പിക്കാറുള്ളത്. എന്നുമില്ലെങ്കിലും ആഴ്ച്ചയിലെങ്കിലും സ്നേഹ ഒരു സിഗരറ്റ് വലിക്കാറുണ്ട്. അതുകൊണ്ടൊക്കെയാണ് തന്റെ പ്രവർത്തിയെ സ്നേഹ ചോദ്യം ചെയ്തതും.
കയ്യിൽ സിഗരറ്റ് പാക്കറ്റും ഒരു ചെറിയ ലൈറ്ററും ആയിട്ട് അവൾ പതിയെ മുറിക്ക് വെളിയിലേക്ക് നടന്നു. വീടിന്റെ താഴ് നിലയിൽ അപ്പോൾ നല്ല നിശബ്ദത നിറഞ്ഞിരുന്നു.
അവൾ നടന്ന് ടെറസിലേക്കുള്ള കതക് ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. സമയം ഏകദേശം ഒന്നര കഴിഞ്ഞതുകൊണ്ടുതന്നെ ചെറിയ തണുപ്പ് കതക് തുറന്നപ്പോൾ അവളിലേക്കടിച്ചു.
അവൾ ശ്രദ്ധയോടെ ടെറസിലേക്കുള്ള ചെറിയ സ്റ്റെപ്പുകൾ നടന്നുകയറി. മമ്മിയുടെയും പപ്പയുടെയും മുറിയിലെ ഏസി യുടെ ശബ്ദം അവൾക്ക് നല്ല വ്യക്തമായി കേൾക്കാമായിരുന്നു.