ഓർമ്മക്കുറിപ്പുകൾ
Ormakkurippukal | Author : Angel
ചെറുകഥ
നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.
നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ?
വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു കഥാനായകനെ വിശേഷിപ്പിച്ചിരുന്നത്.
കഥാനായകൻ ആരാ മൊതല് (ഇടയ്ക്കിടയ്ക്ക് കഥാ നായകൻ എന്ന് പറയണ്ടാല്ലേ, ‘ഞാൻ’ അതുമതി, കൂടെ അതിന്റെ കുറച്ചു സർവ്വനാമങ്ങളും).
ഗജപോക്കിരി, അസ്സത്തു, കുരിപ്പ്, ജന്തു, മുടിയൻ, ഇത്യാദി വിശേഷാൽ പേരുകൾ ഒക്കെ കുട്ടിക്കാലത്തു എനിക്ക് മാത്രം
അവകാശപ്പെട്ടതായിരുന്നു. നമ്മടെ സ്വന്തം അമ്മയാണ് പ്രസ്തുത നാമകരണങ്ങളുടെ ചുക്കാൻ പിടിച്ചത്. ഓടിയും ചാടിയും നടന്നും കിടന്നും അടിവാങ്ങുന്നതു ഒരു ഹോബി
ആയി നടന്ന കാലം. ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരി രോമാഞ്ചം വരുന്നു,
ദാ കണ്ടോ കണ്ടോ….
അങ്ങനെ അടിവാങ്ങിച്ചു നാണവും മാനവും ഇല്ലാണ്ട് വീട്ടിൽ കുരുത്തക്കേടും കാണിച്ചു
നടക്കുന്ന കാലത്തു പെട്ടന്നാണ് ഒരു ട്വിസ്റ്റ്, സീൻ കോണ്ട്രാ, വല്യ കോണ്ട്രാ. അടിയും തെറിയും കൊള്ളുന്ന എനിക്കോ നാണമില്ല…..
പക്ഷെ അനർഗള നിർഗളം നിർലോഭമായ ഇതൊക്കെ തരുന്ന നമ്മുടെ പിതാ-മാതാശ്രീക്കും പിന്നെ വീട്ടുകാർക്കും വേണ്ടേ മേൽ പറഞ്ഞ സാധനം.
വൈകിയാണേലും അവരതു തിരിച്ചറിഞ്ഞു. വലുതാണൽ പെണ്ണുകെട്ടിക്കാരുന്നു എന്ന്
പറയും, ചെറുതാണെലോ? പിടിച്ചു നഴ്സസറീൽ ചേർക്കും അത്രയെന്നെ. അതെ നഴ്സസറീൽ തന്നെ പിടിച്ചു ചേർത്ത് കളഞ്ഞു.
പോയില്ലേ, എല്ലാം പോയി. എന്റെ ചെറിയ മനസ്സ് വലുതായിട്ടു തന്നെ തകർന്നു. നല്ലൊരു അസ്സൽ നഴ്സറി ദുരന്തം കേറിപ്പോയതിന്റെ ക്ഷീണം മാറിയില്ല, അപ്പോഴേക്കും ദാ വരുന്നു അടുത്തത്(ആ ദുരന്ത കഥ പിന്നെ പറയാട്ടാ).