വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Posted by

വിരഹം, സ്‌മൃതി, പ്രയാണം

Viraham Smrithi Prayaanam | Author : Rishi

 

“ദേവതകൾക്ക് നമ്മോടസൂയയാണ്.
കാരണം നമ്മൾ മരണമുള്ളവരാണ്
ഏതു ഞൊടിയും നമ്മുടെ
അവസാനത്തേതാവാം
ഏതും കൂടുതൽ സുന്ദരമാണ്,
കാരണം നമ്മൾ നശ്വരരാണ്
നീ ഇപ്പോഴാണേറ്റവും സുന്ദരി
ഇനിയൊരിക്കലുമീ നിമിഷത്തിൽ
നമ്മളുണ്ടാവില്ല.”
– ഹോമർ

 

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ച് ഞാൻ കണ്ണുകൾ തിരുമ്മി. ട്രെയിനിന്റെ സുഖമുള്ള താളം. ആഹ്.. ഒന്നു മൂരി നിവർന്നു. അറിയാതെ പിന്നെയും ഇടതുകയ്യിലെ മോതിരവിരലിൽ തിരുമ്മി. എന്തിനാണ്? അതവിടെയില്ല. മൈഥിലിയുടെ കഴുത്തിൽ ഞാനിട്ട താലിയോടൊപ്പം അവളെന്നെയണിയിച്ച മോതിരവും ഇപ്പോഴില്ല. അവളെപ്പോലെ ജീവിതത്തിൽ നിന്നും ചിഹ്നങ്ങൾ പോലും മാഞ്ഞുകൊണ്ടിരിക്കുന്നു.

ചാഞ്ഞിരുന്നു കണ്ണുകളടച്ചു.

രാജീവ്, നമുക്കു പിരിയാം. ഈ ലൈഫു മടുത്തു. ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകങ്ങൾ താഴെ വീണുപോയി! ഓർക്കാപ്പുറത്തായിരുന്നു. കാലുകൾ തളർന്നു. അവളടുത്തു വന്ന് താങ്ങി കസേരയിലിരുത്തി.

മനസ്സിന്റെ സമനില തിരിച്ചു വന്നപ്പോൾ രണ്ടു ചോദ്യങ്ങൾ മാത്രം. ഇനിയെന്ത്? രണ്ടു വയസ്സു തികയാത്ത അനന്യ? എന്തുകൊണ്ട് എന്ന ചോദ്യം എന്തുകൊണ്ടോ ഉയർന്നില്ല.

മൈഥിലി പോയി രണ്ടു ഡ്രിങ്കുമായി വന്നു. റമ്മെനിക്ക്. അവൾക്ക് ജിൻ.

ഞാൻ യു എസ്സിലേക്കു പോവുന്നു. അവിടെ ജോണുണ്ട്. നിനക്കറിയില്ല. എന്റെ കഴിഞ്ഞ പ്രോജക്ട് ഡയറക്ടർ. ആറുമാസം ഞങ്ങളൊന്നിച്ചായിരുന്നു. സോറി. എനിക്ക് അനന്യയെ വേണം. അവൾക്കവിടെ നല്ല ലൈഫായിരിക്കും. നീ ദയവായി ഡൈവോർസിനു പ്രശ്നമുണ്ടാക്കരുത്. മൈഥിലി അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

ഞാനവളെ നോക്കി. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞപ്പോൾ അവളുടെ രൂപവും വ്യക്തമല്ലാതായി.

അവളെണീറ്റെന്റെയടുത്തു വന്നു. എന്റെ മുഖം അവളോടു ചേർത്തു. കണ്ണീരൊഴുകി വറ്റുന്നതു വരെ അവളെന്റെ ചുമലുകളിലും മുടിയിലും തഴുകി. അവളുടെ മണം! എൻെറ മൈഥിലിയുടെ മാത്രം ഗന്ധം. എന്റെ സിരാപടലങ്ങളിൽ അവസാനമായി പടർന്നു. എന്നെന്നേക്കുമായി സ്മൃതിയിലേക്കു ചേക്കേറി.

യൂണിവേഴ്സിറ്റിയിൽ വെച്ച് തണുപ്പനായ ഞാനും, തിളങ്ങുന്ന, എല്ലാവരോടും ഇടപെടുന്ന മൈഥിലിയും തമ്മിലുള്ള ബന്ധം ഞങ്ങളുടെ കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചിരുന്നു. പിന്നെ വൈരുദ്ധ്യങ്ങളുടെ ആകർഷണമെന്നൊക്കെപ്പറഞ്ഞ് അവരതങ്ങു സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *