ഞാനങ്ങനെ വലുതായൊന്നും ചെയ്യുന്നില്ല മാഷേ. പിന്നെ ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുന്നു.
നല്ലത്.കാര്യങ്ങളൊക്കെ ശങ്കരൻ പറഞ്ഞല്ലോ.അഡ്വാൻസ് കഴിഞ്ഞു ബാക്കി 3 മാസത്തിനുള്ളിൽ. രെജിസ്ട്രേഷൻ ഒക്കെ അപ്പോൾ. താമസിക്കുന്നതിന് പ്രശ്നം ഒന്നുമില്ല.എപ്പോ വേണേലും തുടങ്ങാം.
വലിയ സന്തോഷം മാഷേ.വീട് കണ്ടിരുന്നു. വായനശാലയുടെ എതിർവശത്ത്. ഒന്നു തുറന്നുകണ്ടാൽ കൊള്ളാരുന്നു.
അതിനെന്നാ ടീച്ചറെ,ആദ്യം ചായ കുടിക്കു എന്നിട്ടാവാം ബാക്കി. മാഷിന്റെ ഭാര്യ ഭാനുമതിയായിരുന്നു.
കുറച്ച് കുശലം പറഞ്ഞശേഷം അവർ വീട് കാണാൻ എത്തി.3 അറ്റാച്ഡ് ബെഡ്‌റൂം, കിച്ചൻ, ഹാൾ,സ്റ്റോർ റൂം അടങ്ങിയ വീട് വൃന്ദക്ക് നന്നേ ബോധിച്ചു.വില പറഞ്ഞുറപ്പിച്ചവർ പുറത്തേക്കിറങ്ങി.
വൃന്ദ ഇതിനിടയിൽ തന്നെ ഭർത്താവിനോടു സംസാരിച്ചു വീട് ഉറപ്പിച്ചത് അറിയിച്ചിരുന്നു.ആ മാഷേ ഞാൻ ഏട്ടനോട് സംസാരിച്ചു.സമ്മതം.അഡ്വാൻസ് നാളെ തന്നെ തന്ന് കരാർ എഴുതാനാ പറയുന്നേ. മാഷിന്റെ സൗകര്യം എങ്ങനാ.
ഞാൻ ദാ ഈ വായനശാലയിൽ കാണും.ടീച്ചറുടെ സമയം പോലെ പറഞ്ഞാൽ മതി.
ഞാൻ ബുധനാഴ്ച്ച ലീവ് ആക്കി വരാം.ഞാൻ കൂട്ടാം മാഷിനെ.വീട്ടിൽനിന്നും അച്ഛനോടും വരാൻ പറയാം. എമൗണ്ട് ബാങ്ക് ട്രാൻസ്ഫർ ചെയ്താൽ മതിയോ.
ധാരാളം.അപ്പൊ ബുധനാഴ്ച്ച കാണാം.വരുന്ന സമയം ഒന്നറിയിച്ചാൽ നന്ന്.
ശരി മാഷേ. ശങ്കരേട്ടനോട് പറഞ്ഞുവിടാം.ഞാനും ഇറങ്ങട്ടെ ശങ്കരേട്ടനെ വിട്ടിട്ടു വേണം പോവാൻ.
അവർ പിരിഞ്ഞു. കാറിൽ യാത്ര തുടരവേ ശങ്കരേട്ടൻ മാഷിനെ കൂടുതലായി പരിചയപ്പെടുത്തി.ഇപ്പൊ ഇത് വിക്കുന്നത് തന്നെ പെരുമാറാൻ ആളില്ലാഞ്ഞിട്ടാ ടീച്ചറെ. ഒരു മോളുള്ളത് കാനഡയിൽ സെറ്റിൽഡ് ആയി.അവർക്കായി പണിതതാ.പക്ഷെ ആദ്യമായി താമസിക്കാനുള്ള യോഗം ടീച്ചർക്കാ.ഒരു മോനുള്ളത് അങ്ങ് ദുബൈലോ മറ്റോ ആണ്.അവനാ കുടുംബം.
പറഞ്ഞതുപോലെ തന്നെ എഗ്രിമെന്റ് ചെയ്തു,പിറ്റേ ശനിയാഴ്ച തന്നെ ടീച്ചർ അച്ഛനും അമ്മയെയും കൂട്ടി താമസത്തിനെത്തി.വീട്ടുസാധനങ്ങൾ എടുത്തുവക്കാനൊക്കെ മാധവനും കൂട്ടുകാർ രണ്ടുപേരും ആയിരുന്നു.രാഹുകാലം കഴിഞ്ഞ് പാല് കാച്ചി ചെറിയരീതിയിൽ ഗൃഹപ്രവേശം നടത്തി.
അമ്മേ ഇതാണ് ഞാൻ പറഞ്ഞ സുധാകരൻ മാഷ്. ഇത് ശങ്കരേട്ടൻ.
കേട്ടോ മാഷേ ഇങ്ങനൊരു വീട് ഇത്രവേഗം ഒത്തുകിട്ടും എന്ന് കരുതിയതേ അല്ല.ഇവളുടെ കെട്ടിയോനാ ഇളയത്.പൊതുവെ കുടുംബം ആണ്മക്കൾക്കാ.മൂത്തത് മോളാണേ,അവളുടെ കാര്യം ഇത്തിരി കഷ്ടാ.ഭർത്താവിന് ആക്‌സിഡന്റ് ഒക്കെയായി,ഉണ്ടായിരുന്നതൊക്കെ ചിലവായി.കേടുകൂടാതെ കിട്ടി എന്നേയുള്ളു.ഒരു വീടൊന്നും ആയില്ല.അപ്പൊ മോനാ ഇങ്ങനൊരു തീരുമാനം പറഞ്ഞത്.ഇപ്പൊ അവളാ അവിടെ താമസം.