പ്രണയമാണ് ഇപ്പോഴും [Smitha]

Posted by

പ്രണയമാണ് ഇപ്പോഴും….

Pranayamaanu Eppozhum | Author : Smitha

 

സമർപ്പണം: പ്രിയ സുഹൃത്തും സൈറ്റിലെ മികച്ച എഴുത്തുകാരനുമായ അസുരന് [ജയകൃഷ്ണന്]

ജയകൃഷ്ണന്‍ ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ക്കല്‍ നിന്ന് തന്‍റെ മുഖത്തേക്ക് നോക്കുന്ന മീരയെക്കണ്ടു.
ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ച ഗായത്രിയുടെ വലിയ ചിത്രത്തിന് സമീപമാണ് അവള്‍ നിന്നിരുന്നത്.
വെയിലില്‍ തെളിഞ്ഞുനിന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് മുമ്പില്‍, അതിനുമപ്പുറത്ത് മഞ്ഞുനിറഞ്ഞ മലമുടികളുടെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഗായത്രി…
“മീനമാസം ഒന്നാം തീയതിയാണ് ഇന്ന്‍,”
പറഞ്ഞു കഴിഞ്ഞാണ് മീര ഓര്‍ത്തത്. മാസത്തിന്‍റെ പേര് പറയേണ്ടിയിരുന്നില്ല. ഇന്ന് ഒന്നാം തീയതിയാണ്. എന്‍റെ മുഖം കണികണ്ട് ഉണരാന്‍ വേണ്ടി വന്നു നിന്നതാണ്.
മതിയായിരുന്നു. അത്രമാത്രം പറഞ്ഞാല്‍ മതിയായിരുന്നു.
ഇനി ദിവസം മുഴുവനും അച്ഛന്‍ കണ്ണുനനയിക്കും. ഓര്‍മ്മകളില്‍ നഷ്ട്ടപ്പെടും.മനസ്സും ശരീരവും രാമനാട്ടുകര വിട്ട് രാംഗഡിലേ ഗോതമ്പ് പാടങ്ങളില്‍, സൂര്യകാന്തിപ്പൂക്കള്‍ സ്വര്‍ണ്ണസാഗരമാക്കിയ ശിവാനിപുരിയില്‍, ജുഗല്‍ബന്ദിയും ഖവ്വാലിയും ദൃപദും സൈക്കഡലിക് വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുരാണകിലയുടെ ചുവട്ടിലെ ഗംഗാഖേഡയില്‍….അവിടെയൊക്കെ അലയും ഇന്ന് അച്ഛന്‍…
മീര ജയകൃഷ്ണന്‍റെ കിടക്കയുടെ അരികിലിരുന്നു. അയാളുടെ തോളില്‍ കൈവെച്ച് കണ്ണുകളിലേക്ക് നോക്കി.
നനവുണ്ടോ?
അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു.
സൂര്യകാന്തിപ്പാടങ്ങള്‍ക്കും പുരാണകിലയ്ക്കും മദ്ധ്യേ അമ്മയെ പ്രണയിച്ച് പാടിനടന്ന ഇടങ്ങളില്‍ അച്ഛന്‍ പുഞ്ചിരിച്ചത് ഇങ്ങനെയായിരിക്കണം.
“എഴുന്നേല്‍ക്കൂ അച്ഛാ,”
അവള്‍ അയാളുടെ കയ്യില്‍ പിടിച്ച് വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *