സുനന്ദയുടെ വേഷങ്ങള്‍
Sunandayude Veshangal bY Meera Nair
പതിവുപോലെ ഉണർന്നപാടെ തലയിണക്കരികിലിരുന്ന മൊബൈൽ ഫോണെടുത്ത് അലാറം ഓഫ് ചെയ്തശേഷം സുനന്ദ കിടക്കയിൽ നിന്നെണീറ്റ് കൈവിരലുകൾ ചേർത്ത് മുകളിലേക്ക് ഉയർത്തിക്കൊണ്ട് ഒരു കോട്ടുവായിട്ടു.
കിടക്കയിൽ ഉറങ്ങുകയായിരുന്ന പ്രദീപൻ പുതപ്പ് തലയിലേക്ക് മൂടിക്കൊണ്ട് ഒന്നുകൂടിചുരുണ്ടുകൂടി.
കട്ടിലിനരികിൽ അലക്ഷ്യമായി എറിഞ്ഞിരുന്ന മാക്സി എടുത്ത് തന്റെ നഗ്നമേനിയെ ആവരണം ചെയ്തു. വെളിയിലേക്ക് നീണ്ടിരുന്ന പ്രദീപന്റെ കാലുകളിലേക്ക് പുതപ്പ് മെല്ലെ വലിച്ച് മൂടിയശേഷം വാതിൽ തുറന്ന് അവൾ വാഷ്ബേസിനരികിലേക്ക് നീങ്ങി. കട്ടപിടിച്ച ഇരുളാണെങ്കിലും ബെഡ്റൂമിൽ നിന്നും വാഷ്ബേസിൻ വരെയുള്ള യാത്ര അവൾക്ക് യാതൊരു തടസ്സവും സൃഷ്ടിച്ചില്ല. ലൈറ്റ് ഓൺ ചെയ്യാതെതന്നെ ടാപ്പ് തുറന്ന് കൈക്കുമ്പിൾ അതിനടിയിലേക്ക് പിടിച്ചു. രാത്രിമഞ്ഞിന്റെ ചുംബനമേറ്റുകിടന്ന തണുത്ത ജലം മുഖത്ത് പറ്റിപ്പിടിച്ചിരുന്ന ഉറക്കച്ചെടവിലേക്ക് രണ്ടു. മൂന്നാവർത്തി കോരി ഒഴിച്ചു. അരികിലുണ്ടായിരുന്ന സ്വിച്ചിൽ വിരലമർത്തി സൃഷ്ടിച്ച വെളിച്ചത്തിന്റെ സഹായത്തോടെ വാഷ്ബോസിനു മുകളിലുള്ള കണ്ണാടിയിലേക്കവൾ തന്നെ പകർത്തി. മാക്സി ഉയർത്തി മെല്ലെ മുഖം തുടക്കുമ്പോൾ കണ്ണാടി കവർന്നെടുത്ത നഗ്നത അവളിൽ നാണത്തിന്റെ വിത്ത് പാകി, വേഗം മാക്സിയിൽ നിന്ന് പിടിവിട്ട് കണ്ണാടിയുടെ മുമ്പിൽ നിന്നും അവൾ അൽപം മാറിനിന്നു. ഒരു ദീർഘനിശ്വാസത്തിനു ശേഷം മെല്ലെ നടന്ന് പുറത്തേക്കുള്ള വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ ഗ്രേഡായിങ് റൂമിലെ ചൂവരിൽ ക്ളോക്ക് അഞ്ച് പ്രാവശ്യം മണിമുഴക്കി.
അത് കേട്ടിട്ടെന്നവണ്ണം അടുത്ത വീട്ടിലെ ഓടിന് മുകളിലിരുന്ന് മയങ്ങകയായിരുന്ന പൂവൻകോഴി പെട്ടെന്നുണർന്ന് കടകട ശബ്ദത്തോടെ ചിറകുകൾ കൂടഞ്ഞ് നീട്ടി ഒന്നുകൂവി.
സുനന്ദ അന്നത്തെ തന്റെ ആദ്യ വേഷം ആടുന്നതിനായി മാക്സി അൽപം ഉയർത്തി അരയിലേക്ക് കൂത്തിക്കൊണ്ട് പുറത്ത് ചാരിവച്ചിരുന്ന ഈർക്കിൽ ചൂലുമായി മുറ്റത്തേക്കിറങ്ങി.