മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

മലതുരന്ന് വഴിതീർത്ത മനുഷ്യൻ, കടലളന്ന് കരതീർത്ത മനുഷ്യൻ, കരയെത്താത്ത വാനങ്ങളിൽ കൽവച്ച് നടന്ന മനുഷ്യൻ. അവനു മുന്നിൽ പ്രകൃതി തോറ്റതിൽ അത്ഭുതമുണ്ടോ. 

 

അവരിൽ പ്രമുഖൻ, കാമുകൻ…, പ്രണയിക്കുന്നവൻ !…. അരവിന്ദൻ…. അവനോടി…, മഴയേയും, എതിരെ ചുഴറ്റിവീശുന്ന കാറ്റിനെയും കീറിമുറിച്ച്, അവൻ്റെ പ്രണയത്തിനു വേണ്ടി… 

******

“മോനേ, ഞങ്ങൾ രണ്ടുപേരും വലിയവരായിരുന്നു, ഞങ്ങൾക്കു പലയിടത്തും പിടിച്ചു നിൽക്കാം, പക്ഷെ അവളു കൊച്ചുകുഞ്ഞായിരുന്നു. ആ പ്രായത്തിലേ താങ്ങാവുന്നതിലേറെ അപമാനം അവൾ അനുഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയാമായിരുന്നു അവൾക്കു ഈ അസുഖം ഉണ്ടെന്ന്. അവരെല്ലാം പരമാവധി അകൽച്ച അവളോടു കാണിച്ചിട്ടുണ്ട്. കൂട്ടുകാരും, പരിചയക്കാരും, എന്തിന് ഈ നിൽക്കുന്ന ഇവൻ വരെ. ഇതെല്ലാം ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാര്യമായത് കൊണ്ട് തന്നെ പലപ്പോഴും അവളെ മാത്രം വിളിച്ച് സമാധാനിപ്പിക്കാൻ  ആർക്കും കഴിഞ്ഞിരുന്നില്ല.” 

 

“ചെറുപ്പം മുതലെ വിട്ടൊഴിയാതെ രോഗങ്ങളായിരുന്നു, ഒന്നല്ല ഒരു നൂറുകൂട്ടം, ആശുപത്രി കിടക്കയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി കൺമുൻപിൽ വച്ച് മരിച്ചപ്പോഴും, ഒന്നിനും അവള് കീഴടങ്ങീല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എൻ്റെ മോളെന്താ ആത്മഹത്യ ചെയ്യാതിരുന്നതെന്ന്. അവൾക്ക് ഈ നശിച്ച ജീവിതത്തിലും ഭേദം എന്തുകൊണ്ടും മരണം തന്നെയായിരുന്നു.” 

 

“ഞങ്ങൾ ഒരിക്കലും ഒരു നല്ല അച്ഛനും അമ്മയും ആയിരുന്നില്ല. ഒരിക്കലും അവളെ ഞങ്ങൾ അകമറിഞ്ഞ് സ്നേഹിച്ചിട്ടില്ല, മടിയിലിരുത്തി ഒന്ന് കൊഞ്ചിച്ചിട്ടില്ല. 

എൻ്റെ കുഞ്ഞ് ഒത്തിരി സുന്ദരിയായിരുന്നു. അവളു ചെന്നിടത്തൊന്നും അവളുടെ അത്ര സൗന്ദര്യം ഉള്ള ആരും തന്നെ ഉണ്ടായിട്ടില്ല. പക്ഷെ ആരും അവളെ അവിടെയൊന്നും മനുഷ്യനായിട്ട് പോലും കണ്ടിരുന്നില്ല. എന്തൊക്കെ തന്നെ പറഞ്ഞാലും എയ്ഡ്സ് രോഗിയായ പെൺക്കുട്ടിയെ എപ്പോഴും സമൂഹം മറ്റൊരു കണ്ണിലാ കാണുള്ളു, അത്ര വികസനമുള്ള രാജ്യതലസ്ഥാനത്ത് അങ്ങനെയാണെങ്കിൽ ഇവിടെത്തെ കഥ പറയണോ. അതാ ആരോടും പറയാതിരുന്നത്.”

 

“ഞാനും ഒരച്ഛനല്ലെ അവളെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കണ്ടെ. ചതിയാണ് ചെയ്യാൻ നോക്കിയത്, അവൻ പട്ടാളക്കാരൻ ആയത് കൊണ്ട് കാര്യമറിഞ്ഞാലും അഭിമാനം കരുതി, അവളെ കൈവിടില്ലാന്നു തോന്നിയത് കൊണ്ടാണ് കല്ല്യാണമാലോചിച്ചത്. പക്ഷെ എന്റെ കുഞ്ഞ് അറിഞ്ഞ് കൊണ്ട് ആരെയും ചതിക്കാൻ തയ്യാറായിരുന്നില്ല. അവളാർക്കും ബാധ്യതയാവാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് അവൾ ഓടിപ്പോയതെന്ന് എനിക്ക് ഇപ്പോഴും ഉറപ്പാണ്.”

Leave a Reply

Your email address will not be published. Required fields are marked *