മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

“ഒരിക്കെ ചേടത്തി അവളുടെ ഒരു കസ്സിന് വേണ്ടി നിന്നെ  കല്ല്യാണമാലോചിച്ചാലോന്നു പറഞ്ഞേ വീട്ടിലെല്ലാരോടും, അത്ര സുന്ദരിയാണ്, നല്ല കുട്ടിയാണ് എന്നൊക്കെപറഞ്ഞപ്പൊ, ഞാൻ ഇണ്ടല്ലോ… അപ്പെല്ലാം മച്ചിലിരുന്നു കേട്ടിരുന്നേ. അന്നു ഞാനിങ്ങനെ ഇവിടെ വെളിയിൽ ഓട്ടിൻ പുറത്തിരുന്നു ഇതുപോലെ അമ്പിളിയേം നക്ഷത്രങ്ങളൊക്കെ കാണായിരുന്നു, അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നേ. അതൊക്ക ഇടക്കിങ്ങനെ പെയ്തിറങ്ങാറുണ്ടേ…! അവരൊക്കെ താഴെ ആയോണ്ട് എന്നെ കണ്ടിരുന്നില്ല. അപ്പൊളിണ്ട് അമ്മ പറയണു ‘അവള് ഉണ്ണിക്ക് പറ്റിയ കുട്ടിയാന്ന്’. എനിക്കങ്ങട് നാണം വന്നില്ലെ. അപ്പൊ പക്ഷെ എല്ലാരും കൂടി അമ്മേനെ കളിയാക്കി; ‘ഒരു വേലേം കൂലീം ഇല്ലാതെ, നാട്ടിൽ തേരാപാരാ തെണ്ടി നടക്കണോനെയൊക്കെ എങ്ങനെയാ പുറത്തൊക്കെ പഠിച്ചു വളർന്ന, കോളേജിലൊക്കെ പഠിപ്പിക്കണ ഇത്രനല്ല കുട്ടിക്ക് ഇഷ്ടാവാ ന്ന് പറഞ്ഞിട്ട്.’ എനിക്കാകെ സങ്കടംവന്നേ. എന്നെ അങ്ങനെ പറഞ്ഞോണ്ടല്ല, അമ്മക്ക് ഞാൻ കാരണം കളിയാക്കല് കേക്കണ്ടി വന്നല്ലോന്ന് വച്ച്ട്ട്. എനിക്കിതൊക്കെ ശീലായിരുന്നു.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ ഞാനാണ് എല്ലാത്തിനും കാരണം. ഒരുപാട് തീ തിന്നിട്ടാ അമ്മ പോയത്.” എന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു. മീനാക്ഷിയുടെ കണ്ണിൽ നോക്കുമ്പോ, അവിടെയാകെ കണ്ണീര് വന്ന്നിറഞ്ഞ്, സ്പടികപാത്രത്തിൽ നിറഞ്ഞ ഒരുതടാകമായി മാറിയിട്ടുണ്ട്, അതിൽ നിലാവ് വെള്ളാരംക്കല്ലെറിഞ്ഞ് കളിക്കുന്നുണ്ട്. 

 

ഞാൻ വേഗം സന്ദർഭം തമാശയാക്കാൻ പാട്പെട്ടു.

 

“ അങ്ങനെയങ്ങനെയങ്ങനെ… അന്ന് രാത്രി ഞാനിങ്ങനെ വന്ന് ചുരുണ്ടുംകൂടി കിടന്നപ്പോ, നിലാവിങ്ങനെ പതിയെപതിയെ മുറിയിലാകെ നിറഞ്ഞ്നിറഞ്ഞ് വന്നു. ഞാനറിയാതെ തന്നെ നിന്നെ വെറുതേ ഓർത്തു. ഓർക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ,  ചുമ്മാ അങ്ങേട് ഓർത്തൂന്നേ. ആരാ ചോയ്ക്കണേന്ന് കണണല്ലോ.!! അല്ലപിന്നെ അരവിന്ദൻ്റെ അടുത്താകളി…” മീനാക്ഷിക്ക് ചിരിപൊട്ടി “അപ്പൊ ഉണ്ടടാ, ഇത്പോലെ സെറ്റ്സാരിയൊക്കെ ഉടുത്ത് മന്ദം മന്ദം, ൻ്റെ മീനാക്ഷികുട്ടി വരണു സമാധാനിപ്പിക്കാൻ. പിന്നെ നമ്മളിങ്ങനെ മിണ്ടീം പറഞ്ഞൊക്കെ ഇരുന്ന് അങ്ങനെയങ്ങനെ, അങ്ങട് ഉറങ്ങിപോയി.” ഞാൻ അവളെ ചേർത്ത് കെട്ടിപുണർന്നു. വല്ലാത്തൊരു ലോകംകീഴടക്കിയ സുഖം.

 

“ അന്നു കണ്ട അതേ ഛായ തന്നെയാണൊ ൻ്റെ മുഖത്തിന്” അവൾ കണ്ണ്നിറച്ച് കൊണ്ട് ആകാംഷയിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *