സ്നേഹമുള്ള തെമ്മാടി 3 [ അനുരാധ മേനോൻ ]

Posted by

സ്നേഹമുള്ള തെമ്മാടി 3

SNEHAMULLA THEMMADI PART 3 AUTHOR ANURADHA MENON

READ [ PART 1 ][ PART 2 ]

അച്ചു ഒരു നിമിഷം സ്തബ്ധയായി…അവൾക്ക് അവളുടെ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല…

“അമ്മേ…എന്നോടൊരു വാക്ക് പോലും പറയാതെ…. ഞാൻ എത്ര പറഞ്ഞതാ എനിക്കിനിയും പഠിക്കണം എന്ന്…”

“എന്റെ അച്ചൂ…അതൊക്കെ പിന്നെ സംസാരിക്കാം…അവർ വന്നിട്ട് ഒത്തിരി നേരമായി… വീട്ടിൽ വന്നവരെ അപമാനിക്കരുത്… നീ വേഗം പോയി ഒരുങ്ങ്…”

അച്ചു അടിമുടി വിറക്കാൻ തുടങ്ങി…അമ്മ പറഞ്ഞതനുസരിച്ചു യാന്ത്രികമായി ഒരുങ്ങി ഒരു മരപ്പാവയെ പോലെ അവൾ അവരുടെ മുന്നിലേക്ക് പോയി… ചെറുക്കനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവർക്ക് ചായ കൊടുത്ത് അവൾ അകത്തേക്കു പോയി… വാതിലടച്ചു ഒത്തിരി നേരം കരഞ്ഞു…സുധിയെ അവൾ പല തവണ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല… രാത്രിയായപ്പോൾ അച്ഛൻ കതകിൽ മുട്ടി…അവൾ വാതിൽ തുറന്നു…

“അച്ചൂ..നീ ആരോടാ ഈ വാശി തീർക്കുന്നത്…? കതകടച്ചു മൗനവ്രതം ഇരിക്കാൻ നിന്നെ ഞങ്ങൾ അറക്കാൻ കൊടുക്കൊന്നും അല്ല…”

“അച്ഛാ… എനിക്കിപ്പോ വിവാഹം വേണ്ട… എനിക്ക് പഠിക്കണം…”

“പഠിക്കാൻ ഈ വിവാഹം ഒരു തടസ്സം ആവില്ല… അവർ നിന്നെ എത്ര പഠിപ്പിക്കാനും തയ്യാറാണ്…ഇതിലും നല്ലൊരു ആലോചന ഇനി വരില്ല.. ചെറുക്കൻ ബാങ്ക് മാനേജർ ആണ്…അതും സ്റ്റേറ്റ് ബാങ്കിൽ…അവർ വിളിച്ചിരുന്നു… പ്രൊസീട് ചെയ്യാൻ അവർക്ക് താല്പര്യം ഉണ്ട്…ഞാൻ ഇതങ്ങു തീരുമാനിക്കാൻ പോവാ…”

“അച്ഛാ….അത്‌…”

“അച്ചൂ…വെറുതെ വാശി പിടിച്ചാൽ എന്റെ വേറൊരു മുഖം കൂടി കാണേണ്ടി വരും നിനക്ക്…”

അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു… സുധിയോട് അവൾക്കു ദേഷ്യം തോന്നി..വളരെ നല്ല സിറ്റുവേഷനിലാ അവൻ പിണങ്ങിയിരിക്കുന്നേ…

“അച്ചൂ…മോളിങ്ങനെ കരയാതെ…മോൾക്ക് നല്ലത് മാത്രമല്ലേ അമ്മയും അച്ഛനും ചെയ്യൂ…ഇനി മോളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ? അമ്മയോട് പറ…”

“ഇ… ഇല്ലമ്മേ…പക്ഷേ ഇത്ര പെട്ടെന്നൊരു കല്യാണം എനിക്ക് വേണ്ട…” അച്ചു ദേവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… അമ്മയുടെ മുന്നിൽ മനസ്സ് തുറക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല…

“അച്ചൂ…ഒരു വർഷം വരെ കാത്തിരിക്കാൻ അവർ തയ്യാറാണ്… ദൈവം കൊണ്ടു തന്നതാ ഈ ആലോചന… നല്ലൊരു സൗഭാഗ്യം എന്റെ മോളായിട്ട് തട്ടിക്കളയരുത്… അമ്മക്കത്രയേ പറയാനുള്ളൂ…”

അച്ചു അന്നു ഉറങ്ങിയില്ല…അവൾ സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു…നേരം വെളുപ്പിക്കാൻ അവൾ നന്നേ പാടു പെട്ടു… രാവിലെ കുളിച്ചു കോളേജിൽ പോവാൻ റെഡി ആയപ്പോഴാണ് അവളെ അച്ഛൻ വിളിച്ചത്..

“അച്ചൂ….”

“എന്താ അച്ഛാ…?”

“നിനക്കൊരു സന്തോഷവാർത്തയുണ്ട്… അവർ വിവാഹത്തിൽ നിന്നു പിന്മാറി…നേരം വെളുത്തപ്പോഴേക്കും ബോധോദയം… ജോലി ഉള്ള കുട്ടിയെ വേണം പോലും… എന്തായാലും നിന്റെ ആഗ്രഹം പോലെത്തന്നെ ആയല്ലോ..”

“നിങ്ങളെന്തിനാ അവളെ പറയുന്നേ…? വാക്കിനു സ്ഥിരത ഇല്ലാത്തവരുടെ ആലോചന മുടങ്ങി പോയത് നന്നായെന്നേ ഞാൻ പറയൂ… മോള് കോളേജിൽ പൊക്കോ… ഇനിപ്പോ അതൊന്നും ആലോചിക്കേണ്ട…”

അച്ചുവിന്റെ മനസ്സിൽ ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചുദിച്ച പോലെ തോന്നി… ഈശ്വരൻമാരോട് അവൾ മനസ്സ് കൊണ്ട് നന്ദി പറഞ്ഞു…എന്നാലും സുധിയോടുള്ള അവളുടെ പരിഭവം മാറിയില്ല.. രണ്ടു ദിവസം അവനോട് മിണ്ടില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു…സുധിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ നടത്തത്തിന്റെ വേഗത കൂട്ടി…

Leave a Reply

Your email address will not be published. Required fields are marked *